തൃശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന പൂർത്തിയായി തുരങ്കം തുറക്കാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സുരക്ഷാ പരിശോധന പൂർത്തിയായി ട്രയൽ റണ്‍ നടത്തിയാൽ മാത്രമേ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങൂ.
പരിശോധന എന്ന് നടക്കുമെന്ന് ദേശീയപാത അതോറിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് നിർമാണ കമ്പനി വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഞായറാഴ്ച തുരങ്കം തുറക്കില്ലെന്ന് ഏകദേശം ഉറപ്പായി. തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.