ന്യൂഡെല്‍ഹി: കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ കൊറോണ കേസുകളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ രാഹുല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങിനെ- ”കേരളത്തിലെ ഉയര്‍ന്ന കൊറോണ കേസുകളില്‍ ഉത്കണ്ഠയുണ്ട്. സ്ഥാനത്തെ എല്ലാം സഹോദരീ സഹോദരന്മാരും സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക.’ കഴിഞ്ഞ മൂന്ന് ദിവസമായി 22000 ത്തിന് മുകളിലാണ് കേരളത്തിലെ കൊറോണ കേസുകള്‍, ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.
അതേസമയം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറംഗ സംഘത്തെ അയക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സംഘം ഇന്ന് കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് ഉന്നതതല സംഘം.
സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് പത്ത് ജില്ലകള്‍ സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായി സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കും.കേരളത്തിലെ നിലവില സാഹചര്യത്തില്‍ ആശങ്ക അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സംഘത്തെ അയക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചത്.
രാജ്യത്താകെയുള്ള പ്രതിദിന കൊറോണ കേസുകളില്‍ 50 ശതമാനത്തിലേറെ കേരളത്തിലാണ്. 1.54 ലക്ഷം പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഇത് രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 37.1 ശതമാനമാണ്. കേരളത്തില്‍ കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടിയ്ക്ക് വിദഗ്ധ സംഘം പിന്തുണ നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.