ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ വീണ്ടും പരിഷ്‌കാരം ഏര്‍പ്പെടുത്തി ഖത്തര്‍. കൊറോണ വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയാണ് പുതിയ പരിഷ്‌കാരം.
ആഗസ്റ്റ് രണ്ട് ഉച്ചയ്ക്ക് 12 മണിമുതല്‍ ഇവ പ്രാബല്ല്യത്തില്‍ വരുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഖത്തറില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും, ഖത്തറില്‍ നിന്ന് കൊറോണ ബാധിച്ച് ഭേദമായവര്‍ക്കും ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുേമ്പോള്‍ രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. രണ്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായാല്‍ ഇവര്‍ക്ക് അന്നു തന്നെ താമസ സ്ഥലത്തേക്ക് മടങ്ങാം.
ഖത്തറിന് പുറത്തു ഏതൊരു രാജ്യത്തു നിന്നും വാക്‌സിന്‍ സ്വീകരിച്ചവരും മടങ്ങിയെത്തുേമ്പോള്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കുടുംബ, ടൂറിസ്റ്റ്, വര്‍ക് വിസയിലെത്തുന്ന യാത്രക്കാര്‍ രാജ്യത്തിന് പുറത്തു നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചതെങ്കില്‍ അവര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം.
വാക്‌സിന്‍ സ്വീകരിക്കാത്ത കുടുംബ, സന്ദര്‍ശക, ടൂറിസ്റ്റ്, ബിസിനസ് വിസയുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവില്ല. പുതിയ യാത്രാ നയം പ്രകാരം, ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ഫിലീപ്പീന്‍സ്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.