തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എം സി അജിതിനെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഇനി മൂന്നംഗ സമിതിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതേസമയം , ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴി പഠിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ആറുദിവസം മുമ്പാണ് നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്.നാട്ടുകാരാണ് പ്രതികളുടെ ഒളിസങ്കേതം പൊലീസിന് കാട്ടിക്കൊടുത്തത്. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.