ന്യൂഡെല്‍ഹി: പ്രഭാതസവാരിക്കിടെ ജില്ല ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി ഝാര്‍ഖണ്ഡ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് ആവശ്യപ്പെട്ടത്.
ഝാര്‍ഖണ്ഡ് ഹൈകോടതിയും സ്വമേധയാ കേസെടുത്തിരിക്കുന്നതിനാല്‍, ഹൈക്കോടതിയുടെ പരിഗണനാ വിഷയങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയും കേസിൻ്റെ വിശദാംശങ്ങള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് ധന്‍ബാദ് ജില്ല അഡീഷനല്‍ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ജഡ്ജിയെ ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓട്ടോഡ്രൈവര്‍ ലഖന്‍ കുമാര്‍ വര്‍മ, കൂട്ടാളി രാഹുല്‍ വര്‍മ എന്നിവര്‍ വ്യാഴാഴ്ച പിടിയിലായതായി ധന്‍ബാദ് ജില്ല പൊലീസ് മേധാവി സഞ്ജീവ് കുമാര്‍ പറഞ്ഞു.
ധന്‍ബാദില്‍ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകള്‍ ജഡ്ജി ഉത്തം ആനന്ദ് കൈകാര്യം ചെയ്യ്തിരുന്നു. ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ ദിവസം അദ്ദേഹം ജാമ്യം നിഷേധിച്ചതുമായി സംഭവത്തിന് ബന്ധമുണ്ടെന്നും പറയപ്പെടുന്നു.