തിരുവനന്തപുരം; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിങ്ങനെയാണ് നിയമിച്ചത്. സുപ്രീംകോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പടെ 52 പേരെയാണ് ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരായി നിയമിച്ചത്. സുപ്രീം കോടതിയില്‍ സിപിഎമ്മിനും നേതാക്കള്‍ക്കും വേണ്ടി നിരവധി കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകയാണ് രശ്മിത.
ടി.ബി ഹൂദിനെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചു. സി. ഇ ഉണ്ണികൃഷ്ണന്‍, നാഗരാജ് നാരായണന്‍, പി. സന്തോഷ് കുമാര്‍ (വ്യവസായം), രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ് (എസ് സി / എസ് ടി), എസ്.യു നാസര്‍ (ക്രിമിനല്‍), കെ.ബി രാമാനന്ദ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി.പി (സഹകരണം), എം.എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), എം.എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി.പി സാജന്‍ (ഫോറസ്റ്റ്), സിറിയക് കുര്യന്‍ (ജലസേചനം) എന്നിവരാണ് മറ്റ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍.
എംആര്‍ ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി), കെ ആര്‍ ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍ സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരായ വനിതകള്‍.
രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പെടെ 53 പേരാണ് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിതരായത്.