കോട്ടയം: ഉദാഹരണം സുജാത അല്ല, ഉദാഹരണം ലളിത. മഞ്ചു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയെ പോലൊരു വ്യക്തിത്വം. അമ്മയും മകനും ഒരേ സ്കൂളിൽ പഠനം നടത്തി ഒരേസെന്ററിൽ തൊട്ടടുത്ത ബെഞ്ചുകളിലിരുന്ന് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നു.
ചെമ്മനത്തുകര കൃഷ്ണാലയത്തിൽ 64-കാരി എം എൻ ലളിതയും 25-കാരൻ മകൻ ഋഷി കൃഷ്ണനുമാണ് പരീക്ഷാ സെന്ററിൽ ഒന്നിച്ചെത്തിയത്. കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഹയർ സെക്കൻഡറി വിദ്യാകേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയാണ് ഇരുവരും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് എത്തിയത്.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സെന്ററിലാണ് അമ്മയും മകനും തുല്യതാ പരീക്ഷ എഴുതുന്നത്. ഒൻപതാംക്ലാസിൽ പരാജയപ്പെട്ട ലളിത പിന്നീട് സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എസ്എസ് എൽസി പാസായി. തുടർപഠനം ആഗ്രഹിച്ചെങ്കിലും സാഹചര്യമുണ്ടായില്ല. പഠിക്കാനുള്ള ആഗ്രഹവും സ്വപ്‌നവും ലളിതയുടെ മനസ്സിൽ ചിതലരിക്കാതെ കിടന്നു.
വിവാഹം കഴിഞ്ഞ് രണ്ടുകുട്ടികളുടെ അമ്മയായശേഷം 64-ാം വയസ്സിൽ നെഞ്ചിലേറ്റിയ സ്വപ്‌നം സഫലമാക്കാനാണ് ലളിത പഠനക്കളരിയിലെത്തിയത്.ഹയർ സെക്കൻഡറി പരീക്ഷയിൽ ഇംഗ്ലീഷിൽ തോറ്റ റൃഷി കൃഷ്ണൻ സാക്ഷരതാ മിഷൻ പഠനത്തിലൂടെയാണ് തയ്യാറെടുത്തത്.
വൈക്കം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ലളിതയ്ക്കും മകൻ റൃഷി കൃഷ്ണനും ക്ലാസൊരുക്കിയത്. ഒന്നാംവർഷ പരീക്ഷയിൽ ഏറ്റവുംകൂടുതൽ മാർക്കുവാങ്ങിയ പഠിതാവാണ് ലളിത. സാമൂഹിക പ്രവർത്തകയും കുടുംബശ്രീ പ്രവർത്തകയുമാണ് ലളിത.