കൊറോണ ആന്റിബോഡി സാന്നിദ്ധ്യം കുറവ് കേരളത്തില്‍; 11 സംസ്ഥാനങ്ങളില്‍ ആന്റി ബോഡി രൂപമെടുത്തതായി പഠനം

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണയ്‌ക്കെതിരായ ആന്റിബോഡി സാന്നിദ്ധ്യം പതിനൊന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി പഠനം. എന്നാല്‍ രാജ്യത്ത് പകുതിയിലേറയും കൊറോണ രോഗികളുള്ള കേരളത്തില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതിനായിരത്തില്‍ അധികം കൊറോണ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ഐസിഎംആര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ആന്റിബോഡികള്‍ രൂപമെടുത്തതായിയാണ് കണ്ടെത്തല്‍. ജൂണ്‍ 14 മുതല്‍ ജൂലൈ 6 വരെ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം കൊറോണ ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശിലാണ്. 79 ശതമാനം ആന്റിബോഡികളാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ഐസിഎംആര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. അതേസമയം കേരളത്തിലാകട്ടെ 44.4 ശതമാനം മാത്രമാണ് ആന്റിബോഡി സാന്നിദ്ധ്യം.

നാലാം സര്‍വേയുടെ ഫലമായി രാജ്യത്തെ തെരഞ്ഞെടുത്ത 70 ജില്ലകളിലാണ് പഠനം നടത്തിയത്. അസമില്‍ 50.3 ശതമാനം ആളുകള്‍ക്കും ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 58 ശതമാനമാണ് ആന്റിബോഡികളുള്ളത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലും കൊറോണ ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത്.

ശതമാനക്കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാനിലാണ് രണ്ടാമത് ഏറ്റവുമധികം ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത്. ജനസംഘ്യയുടെ 76.2 ശതമാനമാണ് ആന്റിബോഡികള്‍ ഉണ്ടായിരിക്കുന്നത്. ബീഹാറില്‍ 75.9 ശതമാനം, ഗുജറാത്തില്‍ 75.3 ശതമാനം, ഛത്തീസ്ഗഡില്‍ 74.6 ശതമാനം, ഉത്തരാഖണ്ഡില്‍ 73.1 ശതമാനം, ഉത്തര്‍പ്രദേശില്‍ 71 ശതമാനം, ആന്ധ്രയില്‍ 70.2 ശതമാനം, കര്‍ണാടകയില്‍ 69.8 ശതമാനം, തമിഴ്നാട്ടില്‍ 69.2 ശതമാനം.

ഒഡീഷയില്‍ 68.1 ശതമാനം എന്നിങ്ങനെയാണ് ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത്. ഐസിഎംആര്‍ കണ്ടെത്തലുകള്‍ പരാമര്‍ശിച്ച്, ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഐസിഎംആറുമായി ആലോചിച്ച് സ്വന്തമായി സീറോപ്രൊവാലന്‍സ് പഠനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.