ന്യൂഡെല്‍ഹി: കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിദിന കൊറോണ കേസുകളില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തില്‍ ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് കൊറോണ കേസുകള്‍ വലിയരീതിയില്‍ കൂടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.
കൊറോണ കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ എന്സിഡിസിആര് ഡയറക്ടറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ‘കൊറോണ കേസുകള്‍ കൂടുതലായി ഇപ്പോഴും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കൊറോണ മാനേജ്മെന്റില്‍ സംസ്ഥാനത്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ടീം സഹായകമാകും,” മാണ്ഡവ്യ പറഞ്ഞു.
അതേസമയം, രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പെഗാസസ് വിവാദം പുകയുന്നതിനിടെ ശ്രദ്ധ തിരിക്കാനാണ് കേരളത്തിലെ കൊറോണ കേസ് വിഷയമാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ കൊറോണ കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബിജെപി ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്.
ഈദിന് നല്കിയ ഇളവ് കാരണമാണ് കൊറോണ കേസുകള്‍ വര്‍ധിക്കുന്നതെന്നും സംപീത് പത്ര നേരത്തേ പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ബുധനാഴ്ച വരെ 43,654 കേസുകളാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.