കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസിൽ മൂന്ന് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു. സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. മരം മുറിക്കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം പാലത്തിൽ നിന്ന് തിരൂർ ഡിവൈഎസ്പിയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ആലുവ റൂറൽ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്ന് പുലർച്ചെ മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന വിവരം പൊലീസ് കോടതിയെ അറിയിക്കുന്നത്. സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ പ്രതികൾക്ക് സൗകര്യമൊരുക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റ് നടപടികൾ വൈകുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റിരുന്നു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയുടെ വിമർശനം. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.