വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ ; സർക്കാർ ഉത്തരവ് നിയമ വിരുദ്ധം; വിദ്യാർഥികളുടെ ആശങ്ക അകറ്റാൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസ,പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ തുടർന്നും നടത്തുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ഈ സാഹചര്യത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി തീരുമാനിച്ചു.

നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ ഉത്തരവിലൂടെ തിരുത്താനാവില്ല. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ,പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ തുടർന്നും നടത്തുന്നതിന് ഇത് പര്യാപ്തമല്ല.

ഓരോ വർഷവും ലക്ഷത്തിലേറെ വിദ്യാർഥികളാണ് വിദൂര വിദ്യാഭ്യാസ,പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകളിൽ പുതിയതായി ചേരുന്നത്.മറ്റ് സർവകലാശാലകൾ സമാന്തര കോഴ്‌സുകൾ നടത്തുന്നത് ഓപ്പൺ യൂണിവേഴ്സിറ്റി നിയമത്തിൽ വിലക്കികൊണ്ടുള്ള വ്യവസ്ഥ നിലനിൽക്കേ നിയമ പ്രാബല്യമില്ലാതെ ഇത്തരം കോഴ്സുകൾ മറ്റ് സർവകലാശാലകൾ പുനരാരംഭിച്ചാൽ അതു വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും.

നിയമപ്രാബല്യം ഇല്ലാത്തതു വിദ്യാർഥികളെ ത്രിശങ്കുവിലാക്കും. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അർഹതയുള്ള സർവകലാശാലകൾക്ക് തുടർന്നും സമാന്തര പഠന കോഴ്‌സുകൾ അനുവദിക്കുന്നതിന് നിയമ ഭേദഗതിയ്ക്ക് സർക്കാരിന് നിർദ്ദേശം നൽകണ
മെന്നുമാവശ്യപെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കോടതിയെ സമീപിക്കുന്നതെന്ന് ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി
എം ഷാജർഖാൻ എന്നിവർ അറിയിച്ചു.