തിരുവനന്തപുരം: സംസ്കൃത അധ്യാപികയായിരുന്ന ഡോ. പൂർണിമ മോഹനനെ ചട്ടം ലംഘിച്ച് മലയാള മഹാനിഘണ്ടു മേധാവിയായി കേരള സർവകലാശാലയിൽ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് അപ്പീൽ. കേരള വൈസ്- ചാൻസർ,രജിസ്ട്രാർ, ഡോ:പൂർണിമ മോഹൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്. സർവകലാശാല നിയമം 7(3) വകുപ്പനുസരിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് സെനറ്റ് അംഗം ജോയിൽ ജോൺ ജോസഫാണ് അപ്പീൽ നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി യും,മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ ആർ മോഹനന്റെ ഭാര്യയാണ് ഡോ. പൂർണിമ. മോഹനൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥനാ യിരിക്കുമ്പോൾ മുഖ്യമന്ത്രിയെ സഹായിച്ചതിന് പാരിതോഷികമായി ലഭിച്ചതാണ് ഭാര്യയുടെ നിലവിലെ നിയമനമെന്ന് പരാതിക്കാരൻ പറയുന്നു.
ഔദ്യോഗിക സ്വാധീനം പ്രയോജനപ്പെടുത്തിയാണ് തന്റെ ഭാര്യയ്ക്ക് മഹാനിഘണ്ടു മേധാവിയായി നിയമനം ലഭിക്കുന്നതിന് ഓർഡിനൻസിൽ അനധികൃതമായി കൂട്ടിച്ചേർക്കൽ വരുത്തിച്ചത്. ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്നും, സർവ്വകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾ മറച്ചുവച്ചു് നിയമന വിജ്ഞാപനം പുറപ്പെടുവിച്ച രജിസ്ട്രാർ ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണറുടെ ശക്തമായ ഇടപെടലുണ്ടാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.