തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൂടുതൽ തിരുത്തൽ നടപടികൾക്ക് സിപിഎം. തട്ടിപ്പിൽ ചെറിയ നേതാക്കൾക്ക് എതിരേ മാത്രം നടപടിയെടുത്തതിൽ പ്രതിഷേധം ശക്തമാകുമ്പോൾ പിടിച്ചു നിൽപ്പിന് മുതിർന്ന നേതാക്കൾക്ക് എതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന. കടുത്ത ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നത്.
കരുവന്നൂർ സഹകരണ ബാങ്കിന്റെ വായപ്തട്ടിപ്പ് വിവരങ്ങളടങ്ങിയ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടും അന്നത്തെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായ ബേബി ജോണിന് കാര്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.
ബേബി ജോൺ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ അംഗം പികെ ബിജുവിനും വീഴ്ച പറ്റി. നേതാക്കൾക്കെതിരേ കടുത്ത വിമർശനമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. കരുവന്നൂരിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടിട്ടും അന്നത്തെ സഹകരണ മന്ത്രി എസിമൊയ്തീൻ നിശ്ബദനായിരുന്നു.
സഹകരണ മന്ത്രാലയ രൂപീകരണത്തിൽ കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്യാൻ പോലും കഴിയാത്ത വിധത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് സിപിഎം. എല്ലാം അറിയാമായിരുന്ന പികെബിജു, ബേബി ജോൺ, എസിമൊയ്തീൻ എന്നീ നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകും.
സംസ്ഥാന ഘടകം തൃശൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ചർച്ചയ്ക്ക് എടുക്കുമ്പോൾ നേതാക്കൾക്ക് എതിരായ വിഷയങ്ങൾ ചർച്ച ചെയ്യും. പലയിടങ്ങളിലും സഹകരണ ബാങ്ക് തട്ടിപ്പുകൾ നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.