വടകര: അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികൻ്റെ കൈയില്‍ നിന്ന് റോഡില്‍ വീണ അരി വാരി നല്കുന്ന പൊലീസുകാരൻ്റെ ചിത്രം വൈറലാകുന്നു.
ഞായറാഴ്ച രാവിലെ വടകര അഞ്ചുവിളക്കിനു സമീപമാണ് അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികൻ്റെ കൈയിലെ സഞ്ചി പൊട്ടി അരി റോഡില്‍ ചിതറിയത്. ട്രാഫിക് എസ്.ഐ രാധാകൃഷ്ണനൊപ്പം വാഹനപരിശോധന നടത്തുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തോടന്നൂര്‍ കന്നിനടയിലെ എന്‍.കെ. പ്രദീപന് ഇത് കാണുകയും ഓടി വന്ന് അരി റോഡില്‍നിന്ന് വാരിയെടുത്ത് സഞ്ചിയില്‍ ഇട്ടുകൊടുക്കുകയുമായിരുന്നു.
അരി വാരി നല്കുന്ന ചിത്രം പകര്‍ത്തിയ വ്യക്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. അതോടെ നൂറുകണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.