കോട്ടയം: അയര്‍ക്കുന്നത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്.
കാറിന് പിന്നില്‍ നായ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവിൻ്റെ മൊഴി. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നതിനാൽ വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നു.
വാക്സിനേഷന്‍ പോകുന്ന ആവശ്യത്തിന് വേണ്ടി രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എ.ടി.എമ്മിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിക്കുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെ അയര്‍ക്കുന്നം -ളാക്കാട്ടൂര്‍ റോഡിലായിരുന്നു സംഭവം. നായയെ കെട്ടിവലിച്ച നിലയില്‍ വാഹനം കടന്നു പോകുന്നത് കണ്ട നാട്ടുകാര്‍ പൊതുപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പുറത്തുവന്നു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊതുപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ചേന്നാമറ്റം ഗ്രന്ഥശാല വായന ശാലയിലെ സി.സി.ടി.വി കാമറയില്‍ ഇതിൻ്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. പിന്നീട് അയര്‍ക്കുന്നം പാലയ്ക്കാമറ്റത്തില്‍ ഐസക്കിന്റെ വീട്ടിലെ സി.സി.ടി.വിയില്‍ നിന്നും വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.