ന്യൂഡെല്‍ഹി: വിവാദമായ ടു ജി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഫോണും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടു ജി കേസ് അന്വേഷണ ഉദ്യോഗസ്ഥനും മുതിര്‍ന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജേശ്വര്‍ സിങിന്റെ ഫോൺ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
രാജേശ്വര്‍ സിങ്ങിന്റെ ഫോണ്‍ നമ്പറിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജേശ്വര്‍ സിങ്ങിന്റെ രണ്ട് ഫോണുകളും 2017 – 2019 കാലത്താണ് ചോര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍ സെല്‍ – മാക്‌സിസ് കേസ് അന്വേഷിച്ചത് രാജേശ്വര്‍ സിങാണ്.
സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രാജേശ്വര്‍ സിങ്. അലോക് വര്‍മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിബിഐ മേധാവിസ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് അലോക് വര്‍മ്മയുടെ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയതെന്ന് ‘ദ വയര്‍’ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന മൂന്ന് നമ്പരുകളാണ് പെഗാസസ് ഉപയോഗിച്ച് നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അലോക് വര്‍മ്മയുടെ കുടുംബാംഗങ്ങളുടെ നമ്പരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ നമ്പറുകള്‍ ചോര്‍ത്തല്‍ അല്ലെങ്കില്‍ നിരീക്ഷണത്തിനോ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ ആയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വി കെ ജെയിന്‍ തുടങ്ങിയവരുടെയും ചില സൈനിക ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടു. റോയിലെയും ബിഎസ്എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരവും പുറത്തുവന്നു.