കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിൻ്റെ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്ന പ്രതികളുടെ വാദം ഹൈക്കോടതി ചെവികൊണ്ടില്ല. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. മരം മുറിച്ചു കടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.