സംസ്ഥാനത്ത് കൊറോണ വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വാക്‌സിന്‍ ഇതിനകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ് നാമമാത്രമാണെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

ഒരുകോടി 66 ലക്ഷത്തിലധികം ഡോസാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 1.88 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കി. നാല്‍പ്പത്തിയഞ്ചു വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്ക് 36 ശതമാനം പേര്‍ക്ക് സെക്കന്റ് ഡോസ് നല്‍കി.

വയനാട്, കാസര്‍കോട് ജില്ലകളില്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുളളവര്‍ക്ക് നൂറ് ശതമാനം വാക്‌സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. 18ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. അത് മികച്ച രീതിയില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്ന മാത്രയിലെ വാക്‌സിന്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.