കോടികളുടെ കള്ളപ്പണ നിക്ഷേപം; സഹകരണ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെൻറ് അന്വേഷണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മറയാക്കി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് സൂചന. ഇതെ തുടർന്ന് നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നു. പ്രാഥമിക സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വഷണം. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പോലും കാറ്റിൽ പറത്തി നിക്ഷേപങ്ങൾ സ്വീകരിച്ചെന്നും ഇഡിക്ക് വിവരം ലഭിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെ കള്ളപ്പണ നിക്ഷേപത്തിന് സഹകരണ ബാങ്കുകൾ മറയാക്കുന്നുവെന്നായിരുന്നു ആരോപണം. നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ അതിന്റെ ഉറവിടം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം.

മിക്ക സർവീസ് സഹകരണ ബാങ്കുകളും ഈ ചട്ടങ്ങൾ പാലിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് കള്ളപ്പണം നിക്ഷേപിക്കാൻ പലരും സഹകരണ ബാങ്കുകൾ തെരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് എൻഫോഴ്സ്മെൻറ് തയ്യാറെടുക്കുന്നത്. ആദ്യ ഘട്ടമായി സംശയം ഉയരുന്ന സഹകരണ ബാങ്കുകൾക്ക് നോട്ടീസ് നൽകും.

പത്ത് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ വിവരങ്ങൾ തേടിയാണ് കത്ത് നൽകുക. ഒരു കോടി രൂപക്ക് മുകളിൽ വരെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവരുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. നിക്ഷേപകർക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരും.

സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് വരുന്ന നിക്ഷേപം വകമാറ്റിയാണ് നിലവിൽ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനുകൾ സർക്കാർ നൽകി വരുന്നത്. സർക്കാർ നേരിട്ട് നൽകേണ്ട ഈ തുക സഹകരണ ബാങ്കുകൾ വഴി നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാനാണോയെന്നും ഇഡി സംശയിക്കുന്നുണ്ട്.