വിവാദമായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുഖം രക്ഷിക്കാൻ പ്രതികൾക്കെതിരേ സിപിഎം നടപടി

തൃശ്ശൂർ: ഏറെ വിവാദമായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കോടികൾ തട്ടിയവർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ സിപിഎം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി തീരുമാനമുണ്ടായത്.

കേസിൽ പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, മുൻ ഭരണസമിതി പ്രസിഡന്റ് ദിവാകരൻ എന്നിവരെ പുറത്താക്കുകയും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. സി പിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെ മാറ്റിയതാണ് മറ്റൊരു നടപടി.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിപ്പോൾ പണം ലഭ്യമാകാതെ വരികയും ഇതേതുടർന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.

രണ്ടു വർഷം മുമ്പ് അറിഞ്ഞിട്ടും കാര്യങ്ങൾ രഹസ്യമാക്കി വച്ച സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നടപടി സ്വീകരിച്ചത്.