തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. സുരക്ഷാ പരിശോധന ഫലം ഉടൻ ലഭിക്കും. മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല.
തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്നും കമ്പനി വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദൻ ആരോപിച്ചിരുന്നു.