ജി സുധാകരനെതിരെ അന്വേഷണ പരിധിക്ക് പുറത്തുള്ളവരും രംഗത്ത്; സിപിഎം കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയായി

ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെയുള്ള രണ്ടംഗ പാര്‍ട്ടി കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും.

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയതായാണ് റിപ്പോര്‍ട്ട്. സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാന്‍, എഎം ആരിഫ് എംപി എന്നിവരും സുധാകരനെതിരെ എച്ച്‌സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയാക്കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ കുറച്ചുപേര്‍ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.

പ്രാദേശിക നേതാക്കളില്‍ നിന്നുള്ള തെളിവെടുപ്പും ഇന്ന് നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിട്‌സിലെ വിവരങ്ങളും കമ്മിഷന്‍ ശേഖരിച്ചു. പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കുക.