ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ; പിടിയിലാകുന്നത് തമിഴ്നാട് അതിർത്തിയിലെ ആർഭാട ജീവിതത്തിനിടെ

മൂവാറ്റുപുഴ: ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പെരുമ്പാവൂർ അശമന്നൂർ സ്വദേശി സുദർശനെ(24)യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പിനിരയായ ആരക്കുഴ സ്വദേശിക്ക് പണം തിരികെവാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ഓൺലൈനിലെ സ്ക്രാച്ച് കാർഡ് തട്ടിപ്പിലൂടെ എട്ടുലക്ഷം രൂപയാണ് ആരക്കുഴ സ്വദേശിക്ക് നഷ്ടമായത്. ഇദ്ദേഹത്തെ സ്വകാര്യ ഡിറ്റക്ടീവാണെന്ന് പറഞ്ഞ് സമീപിച്ച പ്രതി, പലതവണകളായി 25 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

രണ്ടുവർഷം മുമ്പാണ് അരക്കുഴ സ്വദേശിക്ക് സ്ക്രാച്ച് കാർഡ് തട്ടിപ്പിലൂടെ എട്ടുലക്ഷം രൂപ നഷ്ടമായത്. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പായതിനാൽ കാര്യമായ അന്വേഷണം നടത്താനായില്ല. ഇതിനിടെയാണ് സുഹൃത്തുക്കളിലൊരാൾ സ്വകാര്യ ഡിറ്റക്ടീവുകൾ ഇത്തരം കേസുകൾ കണ്ടുപിടിക്കുമെന്ന് പറഞ്ഞത്. തുടർന്നാണ് സുദർശനെ സമീപിക്കുന്നത്.

സ്വകാര്യ ഡിറ്റക്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി അതിവിദഗ്ധമായാണ് പണം തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞും അല്ലാതെയും പലഘട്ടങ്ങളിലായി പണം കൈക്കലാക്കുകയായിരുന്നു. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആർബിഐ ഉദ്യോഗസ്ഥനായും എസ്ബിഐ ഉദ്യോഗസ്ഥനായും പ്രതി ഫോണിൽ വിളിച്ചിരുന്നു.

വ്യത്യസ്ത സിംകാർഡുകളിൽനിന്ന് ശബ്ദം മാറ്റിയാണ് പ്രതി സംസാരിച്ചത്. മാത്രമല്ല, ആർബിഐയിലും ആദായനികുതി വകുപ്പിലും ഫീസ് അടക്കാനുണ്ടെന്ന് പറഞ്ഞും പണം തട്ടി. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് തുടർന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പരാതിക്കാരന് ബോധ്യമായത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

ഡിറ്റക്ടീവ് ചമഞ്ഞ് പണം തട്ടുന്ന സുദർശൻ പ്രായമേറിയവരെയും റിട്ട. ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് അതിർത്തിയിലെ രഹസ്യകേന്ദ്രത്തിൽ ആർഭാട ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതും പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്.

മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ അനിൽകുമാർ,എ.എസ്.ഐ. പി.സി. ജയകുമാർ, സീനിയർ സി.പി.ഓമാരായ ടി.എൻ.സ്വരാജ്, ബിബിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.