ഹൈദരാബാദ്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വോട്ടർമാർക്ക് പണം നൽകിയ കേസിൽ ടിആർഎസ്സിന്റെ ലോക്സഭാ എം.പി. മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. ഇരുവരെയും ആറ് മാസം തടവിന് ശിക്ഷിച്ച കോടതി, 10,000 രൂപ പിഴയും ചുമത്തി. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
തെലങ്കാനയിലെ മഹബൂബാബാദിൽ നിന്നുള്ള ലോക്സഭാ എംപിയാണ് കവിത . വിധിക്കെതിരെ മാലോത്ത് കവിത തെലങ്കാന ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചു.
2019 പൊതുതിരഞ്ഞെടുപ്പ് സമയത്ത് കവിതയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ 500 രൂപ വീതം വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനിടയിൽ എംപിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യു ഉദ്യോഗസ്ഥരും പോലീസ് ഫ്ളൈയിംഗ് സ്ക്വാഡും ചേർന്ന് പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. കേസിൽ ഷൗക്കത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്.
വിചാരണ വേളയിൽ പോലീസ് ഫ്ളൈയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും അവരുടെ റിപ്പോർട്ടുകളും തെളിവായി ഹാജരാക്കി. ചോദ്യം ചെയ്തപ്പോൾ അലി കുറ്റം സമ്മതിച്ചതായും കവിത നൽകിയ പണം താൻ വിതരണം ചെയ്തുവെന്നും പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
കുറ്റകൃത്യങ്ങൾ ചെയ്തതിന് ഒരു എം.പിയെ പ്രത്യേക സെഷൻസ് കോടതി ശിക്ഷിച്ച ആദ്യ സംഭവമല്ല ഇത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ബി.ജെ.പി എം.എൽ.എ രാജാ സിങ്, ടി.ആർ.എസ് എം.എൽ.എ ദനം നാഗേന്ദർ എന്നിവർക്കും മുൻപ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.