തൃശൂര്‍: കൊടകര കള്ളപ്പണ്ണക്കേസിലെ മൂന്നര കോടി രൂപ ബി.ജെ.പിയുടെതാണെന്ന ധര്‍മരാജന്റെ ആദ്യമൊഴിയുടെ പകര്‍പ്പ് പുറത്ത്. കവര്‍ച്ച നടന്ന ശേഷം പൊലീസിന് നല്കിയ മൊഴിയിലാണ് പണം ബി.ജെ.പിയുടെതാണെന്ന് ധര്മരാജന് സമ്മതിച്ചിരിക്കുന്നത്.
കൊടകര ദേശീയപാതയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിന്റെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധര്മരാജന് മൊഴി നല്‍കിയത്.
പക്ഷെ ഇരിങ്ങാലക്കുട കോടതിയില്‍ മൂന്നേകാല്‍ കോടി രൂപ തന്റെതാണെന്നും 25 ലക്ഷം രൂപ മാത്രമാണ് ബി.ജെ.പിയുടെതെന്നും വ്യക്തമാക്കി ധര്മരാജന് ഹർജി നല്‍കിയിരുന്നു.
എന്നാല്‍ ഇത് പരപ്രേരണ മൂലം നല്കിയ ഹരജിയാണെന്നും മൂന്നരക്കോടി രൂപയില്‍ ഒരു പൈസപോലും തന്റെതില്ലെന്നുമാണ് മൊഴിയില്‍ ധര്മരാജന് വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നേകാല്‍ കോടിരൂപയുടെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ ധര്മരാജന് കഴിഞ്ഞിരുന്നില്ല.