ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലും ശക്തമായ മഴയുണ്ട്. ഇവിടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസര്‍ക്കാരും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 18 താലൂക്കുകളിലെ 131 ഗ്രാമങ്ങളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.