തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽ കൊറോണ പടരുന്നു; പ്രോട്ടോക്കോൾ പലിക്കുന്നില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

തൃശ്ശൂർ: ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽ കൊറോണ പടരുന്നു. വാർഡിൽ കഴിയുന്ന 44 രോഗികൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 37 കൂട്ടിരിപ്പുകാർക്കും കൊറോണ സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൊറോണ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വാർഡുകളിലേക്കും ആളുകളുടെ തള്ളിക്കയറ്റും ഉണ്ട്, തിരക്ക് നിയന്ത്രിക്കാനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി റിപ്പോർ‍ട്ടിൽ പറയുന്നു. മാസ്ക് ഉപയോഗത്തിലടക്കം വീഴ്ചയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് മുപ്പതിലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗം പടർന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്.