മഹാരാഷ്ട്രയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചത് 136 പേര്‍; വെള്ളപ്പൊക്ക ഭീതി ഒഴിയാതെ സംസ്ഥാനം

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഇതുവരെ മരിച്ചത് 136 പേര്‍. റായ്ഗഡില്‍ മാത്രം 47 പേരാണ് മരിച്ചത്. 80,000 ലധികം പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സതാറ ജില്ലയില്‍ 27 പേര്‍ മരണപ്പെട്ടു.ഗോഡിയ, ചന്ദ്രപൂര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റായ്ഗഡിലുണ്ടായ മണ്ണിടിച്ചില്‍ 47 പേര്‍ മരണപ്പെട്ടപ്പോള്‍ 70ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 35ഓളം വീടുകളാണ് ഇവിടെ മണ്ണിനിടയിലായത്. സംസ്ഥാന- ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, റായ്ഗഡ്, രത്‌നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൊങ്കണ്‍, റായ്ഗഡ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വെള്ളപ്പൊക്കത്തിന്റേയും മഴക്കെടുതിയേയും ദുരിതങ്ങള്‍ അനുഭവിക്കുന്നത്

റെയ്ഗാഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സതാര, കോല്‍ഹാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.