ചിപ്ലൂണ്‍: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്ന മഹാരാഷ്ട്രയില്‍ നിന്നും ദുരിതങ്ങളുടെ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള രത്നഗിരിയിലെ തീരദേശ പട്ടണമായ ചിപ്ലൂണ്‍ മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്ന മേഖലകളിലൊന്നാണ്.
തീര്‍ത്തും ഒറ്റപ്പെട്ട ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍് പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുകയാണ്. ഇവിടെ നിന്നും പ്രളയത്തിന്റെ ത്രീവ്രത വെളിപ്പെടുത്തുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു യുവതി തിരികെ പ്രളയ ജലത്തിലേക്ക് തന്നെ വീണ് പോകുന്ന സങ്കടകരമായ കാഴ്ചയാണ് ചിപ്ലൂണില്‍ നിന്നും പുറത്തുവരുന്നത്. മൂന്നോ നാലോ നിലകളുള്ള ഒരു കെട്ടിടത്തിന്റെ താഴ് ഭാഗം മുഴുവനും പ്രള ജലത്താല്‍ മൂടിയിരിക്കുമ്പോള്‍ ഒരു യുവതിയെ കയറിട്ട് കെട്ടിടത്തിന്റെ മുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
മുകളിലെത്തി രക്ഷാപ്രവര്‍ത്തകര്‍ കൈപിടിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് യുവതി വീണ്ടും പ്രളയ ജലത്തിലേക്ക് വീണ് പോകുന്ന നടക്കുന്ന കാഴ്ചയാണ് ഇതിലുള്ളത്.
പതിനൊന്ന് സെക്കന്റ് മാത്രമാണ് ദൃശ്യമുള്ളത് എങ്കില്‍ കൂടി പകുതിയോളം മേഖലകളും വെള്ളത്തില്‍ മുങ്ങിയ ചിപ്ലൂണിലെ സ്ഥിതി ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തീരനഗരമായ ചിപ്ലൂണില്‍ അയ്യായിരത്തിലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായി ആണ് റിപ്പോര്‍ട്ടുകള്‍.