സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ ദുരൂഹത

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു. മുന്ന് നിരത്ത് സ്വദേശിയാണ് റമീസ്. ബൈക്കിൽ കാറിടിച്ചാണ് മരണം. റമീസിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു കസ്റ്റംസ്. അതുകൊണ്ട് തന്നെ അപകടത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.

ഇന്നലെ രാത്രി അമ്മയെ ബന്ധുവീട്ടിൽ വിട്ട് വരുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. അപകടത്തിന് ദ്യക്‌സാക്ഷികൾ ഒന്നുമില്ല. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. അഴിക്കോട് വച്ചാണ് അപകടം.

രാമനാട്ടുകരയിലെ കാറപകടമാണ് ആയങ്കിയെ കുടുക്കിയ സ്വർണ്ണ കടത്ത് പുറത്തു കൊണ്ടു വന്നത്. സ്വർണ്ണ കടത്തുകാർ എതിരാളികളെ അപകടത്തിൽ വകവരുത്തുന്നത് സ്ഥിരം സംഭവമാണ്. അതാണ് ഈ അപകടവും ദുരൂഹമാക്കുന്നത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അറിയാവുന്ന ആളായിരുന്നു റമീസ്. അതും അപകടത്തിൽ സംശങ്ങൾ കൂട്ടുന്നു.

രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അർജുൻ ആയങ്കിക്കൊപ്പം കാറിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി പിടിയിലായ ചെർപ്പുളശ്ശേരി സംഘത്തിന്റെ മൊഴിയിൽ വ്യക്തമായിരുന്നു. റമീസ്, സജിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. ഇതിൽ റമീസ് എന്ന സുഹൃത്തിന് കാരിയറായ മുഹമ്മദ് ഷഫീഖ് നൽകാനുള്ള 15,000 രൂപ വാങ്ങാനാണ് അന്ന് വിമാനത്താവളത്തിലെത്തിയത് എന്ന് അർജുന്റെ മൊഴിയുണ്ട്. ഈ റമീസാണ് കൊല്ലപ്പെടുന്നത്.

അർജുൻ സഞ്ചരിച്ച ചുവന്ന കാറിനു പുറമേ നാലു വാഹനങ്ങളിൽ കൂടി കണ്ണൂർ സംഘത്തിലെ അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ചെർപ്പുളശ്ശേരി സംഘം നൽകിയ മൊഴിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേസിലെ നിർണ്ണായക വ്യക്തിയായിരുന്നു ഇന്ന് മരിച്ച റമീസ്.

സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.