തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി പിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് അറിയാമായിരുന്നിട്ടും മൂന്നുവര്‍ഷം തട്ടിപ്പ് പൂഴ്ത്തിവച്ചെന്ന് സിപിഎമ്മിനെതിരെ പ്രതിപക്ഷം. പാവപ്പെട്ട സിഐടിയുക്കാരുടെയും ഓട്ടോത്തൊഴിലാളികളുടെയും പേരില്‍ പോലും തട്ടിപ്പ് നടത്തി. തട്ടിപ്പ് കേസില്‍പ്പെട്ട ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ ഹോള്‍സെയിലായി വക്കാലത്ത് എടുക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മറുപടി നല്‍കിയ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഒട്ടേറെ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി സമ്മതിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 104.37 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
കേട്ടുകേള്‍വി പോലുമില്ലാത്ത തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വായ്പാ വിതരണത്തിലുണ്ടായ ഗുരുതര ക്രമക്കേട് അടക്കം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. പാര്‍ട്ടി തലത്തിലുള്ള അന്വേഷണം മാത്രമാണ് സിപിഐഎം നടത്തിയത്. അതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
അതേസമയം ബാങ്ക് തട്ടിപ്പില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രൂക്ഷമായാണ് ആക്ഷേപമുന്നയിച്ചത്. മാധ്യമങ്ങള്‍ ബാങ്ക് തട്ടിപ്പ് വാര്‍ത്ത പുറത്തുകൊണ്ടുവന്നിട്ടും ഇന്നലെയാണ് ഭരണസമിതി പിരിച്ചുവിടാന്‍ പാര്‍ട്ടി തയാറായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയഫണ്ട് തട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്ത്, എസ്എസ്ടി ഫണ്ട് തട്ടിപ്പ് എന്നിവയിലെല്ലാം പാര്‍ട്ടിക്കാരെ മുഴുവന്‍ സിപിഐഎം രക്ഷിച്ചു. പതിനായിരം രൂപയ്ക്ക് വേണ്ടി ആളുകള്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. ജയിലില്‍ നിന്നുകൊണ്ട് പാര്‍ട്ടിക്കാരായ കൊലപ്പുള്ളികള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏറ്റെടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.