ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അമേരിക്കന്‍ കമ്പനിയായ ഫൈസറുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു. കൊറോണ വാക്‌സിനേഷനുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു രാഷ്ട്രീയമില്ല. ഇത് പ്രധാനമന്ത്രി പലവട്ടം വ്യക്തമാക്കിയതാണ്. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിനേഷന്‍ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണെന്ന ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ അനുമതി കൊടുത്തപ്പോള്‍ പലരും ആഗോള ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായേ ഇടപാടു നടത്തൂ എന്നാണ് പല കമ്പനികളും അറിയിച്ചത്. ഇതിനായി എന്തു സഹായവും നല്‍കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. മോഡേണ ഇന്ത്യയില്‍ വാക്‌സന്‍ വിതരണത്തിന് അനുമതി നേടിയിട്ടുണ്ട്.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് വാകിസിന്‍ ലഭ്യമാക്കും. സാങ്കേതിക വിദ്യ കൈമാറ്റത്തിന് അവര്‍ തമ്മില്‍ കരാര്‍ ആയിട്ടുണ്ട്. ഫൈസറുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിച്ചുവരികയാണ്- മാണ്ഡവ്യ പറഞ്ഞു. എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ എത്രവും വേഗം സമ്പൂര്‍ണ വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാവൂ. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍നിന്നു പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.