കൊല്ലം: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ അന്തരിച്ചു. 105-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയായിരുന്നു ഭാഗീരഥിയമ്മ. മരിക്കുമ്പോള്‍ 107 വയസായിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശിയാണ് ഇ മുത്തശ്ശി.
സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥിയമ്മയെ ആദരിച്ചിരുന്നു. മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും ഭാഗീരഥിയമ്മയെ തേടിയെത്തിയിരുന്നു
സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
74.5 ആയിരുന്നു ഭഗീരഥിയമ്മയുടെ വിജയ ശതമാനം. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നീ നാല് വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ഇംഗ്ലീഷ് 50 മാര്‍ക്കിനും മറ്റ് വിഷയങ്ങള്‍ 75 മാര്‍ക്കിനുമായിരുന്നു. ഗണിതത്തിന് മുഴുവന്‍ മാര്‍ക്കും മലയാളം, നമ്മളും നമുക്ക് ചുറ്റും വിഷയങ്ങള്‍ക്ക് 50 മാര്‍ക്കും ഇംഗ്ലീഷിന് 30 മാര്‍ക്കുമാണ് ഭഗീരഥി അമ്മ നേടിയത്. ഇംഗ്ലീഷിന് 15 ഉം മറ്റ് വിഷയങ്ങള്‍ക്ക് 30മാണ് ജയിക്കാന്‍ വേണ്ടിരുന്ന മാര്‍ക്ക്.
ഭാഗീരഥി അമ്മയ്ക്ക് പഠിക്കാനും ഉയര്‍ന്ന നിലയില്‍ എത്താനും ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചിരുന്നില്ല. അമ്മ മരിച്ചതിനുശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഈ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.