കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി

തൃശ്ശൂർ: നൂറുകോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൻ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെകെ ദിവാകരൻ പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടിരിക്കുന്നത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി.

സംഭവത്തിൽ ബാങ്ക് സെക്രട്ടറി ഉൾപ്പടെ നാലോളം പേരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. വായ്പ അനുവദിക്കൽ, സൂപ്പർമാർക്കറ്റ് നടത്തിപ്പ് എന്നിവയിൽ 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. 1921-ൽ ആരംഭിച്ച ബാങ്കിന് 40 വർഷമായി സിപിഎമ്മിന്റെ ഭരണസമിതിയാണ്.

മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. ടി.ആർ. സുനിൽകുമാറും ബിജുവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമാണ്.

നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ തെളിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.

വായ്പയെടുത്തവർ ഈടുനൽകിയ വസ്തുവിന്മേലാണ് അവരറിയാതെ വീണ്ടും വായ്പ തരപ്പെടുത്തിയിരിക്കുന്നത്. തിരിച്ചടവ് ഇല്ലാതെ പലർക്കും ജപ്തിനോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് വെളിവായിത്തുടങ്ങിയത്.