ഫ്രാൻസിനെ വിറപ്പിച്ച്​ നാലാം തരംഗം; 50പേരിൽ കൂടുതൽ പേർ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ വാക്​സിൻ പാസ്​പോർട്ട്​ നിയന്ത്രണം

പാരിസ്​: ​ലോകം കൊറോണ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ ഫ്രാൻസിനെ വിറപ്പിച്ച്​ നാലാം തരംഗം. ​ കൊറോണ വ്യാപനം ശക്​തമായതോടെ ഭരണ പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.

50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും അതില്ലാതെ നടക്കില്ല.

കൊറോണ വാക്​സിൻ സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്​പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

രോഗ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്ന്​ കണ്ടാണ്​ നടപടിയെന്ന്​ അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ്​ കൊറോണ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​.