നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി കൂടുതല്‍ സമയം തേടി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം മതിയാകില്ലെന്ന് കാണിച്ച് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീം കോടതി നല്‍കിയ സമയപരിധി ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കേയാണ് നടപടി.

2021 ഓഗസ്റ്റില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊറോണ മൂലം നടപടികള്‍ തടസ്സപ്പെട്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അഭിഭാഷകര്‍ അവധിയിലായതും അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് കാലതാമസം ഉണ്ടാക്കിയതായി പറയുന്നു. ഇതിനിടെ കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്മാറുകയും ചെയ്തിരുന്നു. കൂടാതെ കേസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതും കേസ് വൈകാന്‍ കാരണമായി.

നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുക്കളും കോടതി പരിശോധിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 43 സാക്ഷികളെ കൂടി വിസ്തരിക്കാനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മുന്‍പ് സിിനിമാ താരം നാദിര്‍ഷാ, ദിലീപിന്റെ സഹോദരന്‍ അനൂപ് തുടങ്ങിയവരെ വിസ്തരിക്കാനായി കോടതി വിളിച്ചിരുന്നു.