ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊറോണ മരണങ്ങള്‍ സംഭവിച്ചതായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഡെല്‍ഹി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
കുറച്ച് കഴിഞ്ഞാല്‍ കൊറോണ പോലും ഇവിടെ ഇല്ലായിരുന്നെന്ന് കേന്ദ്രം പറയുമെന്ന് സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണ്. ഡെല്‍ഹിയില്‍ മാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തും ഓക്‌സിന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.
ഓക്‌സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ആശുപത്രികള്‍ ഹൈക്കോടതികളെ സമീപിച്ചത്. ആശുപത്രികളും മാധ്യമങ്ങളും ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ദിനംപ്രതി പുറത്തുവിട്ടിരുന്നു. ഇതൊല്ലാം സംഭവിച്ചത് പിന്നെങ്ങിനെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കൊറോണ രണ്ടാം തരംഗത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഓക്‌സിജനുവേണ്ടിയുള്ള ഓഡിറ്റ് കമ്മിറ്റി കേന്ദ്രം നിര്‍ത്തിയതായും സത്യേന്ദര്‍ ജെയിന്‍ ആരോപിച്ചു.കൊറോണ രണ്ടാം തരംഗത്തിന്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ഡെല്‍ഹി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കൊറോണ ബാധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 4.07 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 2.27 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 30 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.
എന്നാല്‍ മരണസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 3,998 പേര്‍ക്കാണ് ഇന്നലെ കൊറോണ മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4.18 ലക്ഷമായി ഉയര്‍ന്നു.
രോഗവ്യാപനം കുറയാത്ത സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
34.25 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ചൊവ്വാഴ്ച വിതരണം ചെയ്തത്. 40 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.