കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യത. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്ത് പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും.
ശക്തമായ മഴക്ക് ഈ കാലവര്‍ഷക്കാറ്റ് കാരണമാകും.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷക്ക് സമാന്തരമായി ന്യൂനമര്‍ദം രൂപപ്പെടാന്‍ അനുകൂലമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതിയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. പാകിസ്ഥാന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡെല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാന്‍ ന്യൂനമര്‍ദം സഹായിക്കും.
മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങള്‍ ദൃശ്യമാണ്.
മൂന്നു ദിവസം വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊള്ളുന്ന ന്യൂനമര്‍ദം ബംഗാളിനും ഒഡിഷക്കും ഇടയില്‍ കരകയറും. 25ന് തീവ്ര ന്യൂനമര്‍ദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും.
തമിഴ്നാട്ടില്‍ മാത്രമാകും ദക്ഷിണേന്ത്യയില്‍ മഴ കുറയുക.