ആലപ്പുഴ: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ – ചങ്ങനാശ്ശേരി(എ.സി റോഡ്) റോഡിൽ നാളെ മുതല്‍ കളര്‍കോട് മുതല്‍ ചങ്ങനാശേരി പെരുന്ന വരെ അനിശ്ചിതകാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എസി റോഡിൽ 24.16 കിലോമീറ്റര്‍ ദൂരത്തില്‍ ചരക്കു വാഹനങ്ങളുടെയും ദീര്‍ഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ജില്ല പോലിസ് മേധാവി ജി ജയ്‌ദേവ് അറിയിച്ചു.
എ സി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികള്‍ക്ക് അവരുടെ ചെറുവാഹനങ്ങളില്‍ യാത്ര ചെയ്യാം. ചെറുപാലങ്ങള്‍ പൊളിച്ച് പണിയുന്ന സ്ഥലങ്ങളില്‍ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലന്‍സും കടന്നുപോകാന്‍ താല്‍ക്കാലിക മാര്‍ഗമൊരുക്കും.
ജങ്കാര്‍ ഉപയോഗിച്ച് എ സി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണം.
നിയന്ത്രണവിധേയമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസി റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും മറ്റു റോഡുകൾ ഉപയോഗിക്കണം. പെരുന്ന മുത്തൂര്‍ ജംഗ്ഷന്‍ പൊടിയാടി ചക്കുളത്തുകാവ് മുട്ടാര്‍ കിടങ്ങറ റോഡ്, പെരുന്ന ചങ്ങനാശ്ശേരി ജംഗ്ഷന്‍ കുമരംകരി കിടങ്ങറ റോഡ്, കിടങ്ങറ മുട്ടാര്‍ ചക്കുളത്തുകാവ് തലവടി മിത്രക്കരി മാമ്പുഴക്കരി റോഡ്, മാമ്പുഴക്കരി മിത്രക്കരി ചങ്ങംങ്കരി തായങ്കരി വേഴപ്ര റോഡ്, വേഴപ്ര തായങ്കരി ചമ്പക്കുളം മങ്കൊമ്പ് റോഡ്,കിടങ്ങറ വെളിയനാട് പുളിങ്കുന്ന് മങ്കൊമ്പ് ബ്ലോക്ക് ജങ്ക്ഷന്‍ റോഡ്, മങ്കൊമ്പ് ചമ്പക്കുളം പൂപ്പള്ളി റോഡ്,പൂപ്പള്ളി ചമ്പക്കുളം വൈശ്യംഭാഗം എസ്.എന്‍. കവല കളര്‍കോട് റോഡ് എന്നീ റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് ഔദ്യോഗിക അറിയിപ്പ്.