തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാദ്ധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളിയതെന്നാണ് റിപ്പോര്‍ട്ട്.
ബിസ്‌ക്കറ്റ് പൊടിഞ്ഞുപോകാന്‍ ഇടയുള്ളതിനാല്‍ ഒഴിവാക്കുകയാണെന്നാണ് വിശദീകരണം. പകരും എന്തെങ്കിലും ഉള്‍പ്പെടുത്തുന്ന കാര്യവും തീരുമാനമായിട്ടില്ല. ആദ്യം കിറ്റില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും അലിഞ്ഞു പോകാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് അത് മാറ്റി ബിസ്‌ക്കറ്റ് നല്‍കാന്‍ ആലോചിച്ചത്. എന്നാൽ ഇപ്പോള്‍ അതും ഒഴിവാക്കുകയായിരുന്നു.
ഓണക്കിറ്റിന് ആകെ ചെലവ് 592 കോടിരൂപയാണ്. ക്രീം ബിസ്‌കറ്റ് ഒഴിവാക്കുന്നത് വഴി ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലായിരുന്നു ചോക്ലേറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുന്നോട്ട് വച്ചത്. ഇത് മാറ്റി ബിസ്‌ക്കറ്റാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുന്‍നിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്.