കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി കെ.എ അനൂപിന് ആറുവര്‍ഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷിച്ചത്. പ്രതികുറ്റം സമ്മതിച്ചതിനാൽ വിചാരണ ഒഴിവാക്കിയിരുന്നു. ആകെ പതിമൂന്ന് പ്രതികളാണ് പട്ടികയിലുള്ളത്.
2005 സെപ്തംബര്‍ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്തു. പിന്നീട് കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്നിക്കിരയാക്കി എന്നാണ് കേസ്.
കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.