കൊറോണ പ്രതിസന്ധി; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം കോണ്‍ഗ്രസും ശിരോമണി അകാലിദളും ബഹിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: കൊറോണയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും ശിരോമണി അകാലിദളും. പാര്‍ലമെന്റിലെ രണ്ട് സഭകളിലെയും എംപിമാരെയാണ് യോഗത്തിലേക്കായി പ്രധാനമന്ത്രി വിളിച്ചിരുന്നത്. കൊറോണ വിഷയം സഭയ്ക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കൊറോണയുമായി ബന്ധപ്പെട്ട യോഗം നടത്താന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇരു സഭകളിലേയും അംഗങ്ങള്‍ക്കായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് നടത്തേണ്ടത്. തങ്ങളുടെ നിയോജനകമണ്ഡലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഓരോ എംപിമാര്‍ക്ക് അവസരവും നല്‍കണം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കര്‍ഷകരും കേന്ദ്രവും തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാത്തതിന്റെ പശ്ചാത്തലത്തിലാണ് ശിരോമണി അകാലി ദള്‍ യോഗം ബഹിഷ്‌കരിച്ചിരിക്കുന്നത്. കര്‍ഷക പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി യോഗം വിളിച്ചതിന് ശേഷം മാത്രമേ മറ്റ് യോഗത്തില്‍ പങ്കെടുക്കൂവെന്നാണ് അകാലി ദളിന്റെ നിലപാടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു.