ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പുതിയ പഠനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കൊറോണ മരണങ്ങള്‍ നാലു ലക്ഷത്തോളം മാത്രമാണെങ്കിലും ഇതിന്റെ പത്തിരട്ടിയെങ്കിലും മരണങ്ങള്‍ വൈറസ് ബാധ മൂലമുണ്ടായേക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെയങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ കൂട്ടമരണമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഒന്നാം തരംഗത്തേക്കാള്‍ ഭീഷണി ഉയര്‍ത്തിയത് കൊറോണ രണ്ടാം തരംഗമാണ്. കൊറോണ പരിശോധന നടത്തി പോസിറ്റീവായ ശേഷം മരിക്കുന്നവരുടെ കണക്കുകളാണ് ഔദ്യോഗിക കണക്കുകളില്‍ പ്രധാനമായുള്ളത്. ഡോക്ടര്‍മാര്‍ കൊറോണ മരണങ്ങള്‍ എന്നു രേഖപ്പെടുത്തുന്ന മരണങ്ങളാണ് ഈ കണക്കുകളില്‍ വരുന്നത്. എന്നാല്‍ മഹാമാരിയുടെ കാലയളവില്‍ പലകേസുകളും ആശുപത്രിയില്‍ പോലും എത്തണമെന്നില്ല.
ആശുപത്രി സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ നടന്ന കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്നുമില്ല. അതുപോലെ നഗര പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയിരിക്കാം. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ടാകുന്നത്.
കൊറോണ മഹാമാരിയുടെ കാലത്ത് ഉണ്ടാകുന്ന മരണങ്ങള്‍ കണക്കുകൂട്ടിയെടുക്കാനുള്ള എളുപ്പ വഴി മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളുമായി മഹാമാരിക്കാലത്തെ മരണങ്ങള്‍ താരതമ്യം ചെയ്തു നോക്കുക എന്നതാണ്. ഇതിലൂടെ എത്ര മരണങ്ങള്‍ അധികമായി ഉണ്ടായിരിക്കാമെന്ന് കണക്കുകൂട്ടാം. ഇതില്‍ എത്ര മരണങ്ങള്‍ കൊറോണ ബാധിച്ച് സംഭവിച്ചതാകാമെന്ന് കണ്ടെത്താന്‍ കഴിയില്ലെങ്കിലും മഹാമാരിയുടെ പ്രത്യാഘാതം മൊത്തത്തില്‍ വിലയിരുത്താന്‍ ഇതു സഹായിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഹാമാരിക്കാലത്ത് രേഖപ്പെടുത്താതെ പോയ മരണങ്ങളെപ്പറ്റി കണക്കുകളില്ലാത്ത വലിയ രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍ മുഖ്യ ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്‌മണ്യനും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും മറ്റ് രണ്ട് ഗവേഷകരും ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്. പഠനം കാണിക്കുന്നത് 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലെ മരണങ്ങളാണ്.
മൂന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ പകുതിയിലധികം ജനസംഖ്യ വരുന്ന ഏഴു സംസ്ഥാനങ്ങളിലെ മരണ രജിസ്‌ട്രേഷന്‍ കണക്കുകള്‍, ആഗോളതലത്തിലുള്ള കൊറോണ മരണനിരക്കുകള്‍, രാജ്യത്തെ കൊറോണ ബാധയുടെ നിരക്ക് കണ്ടെത്തുന്ന സിറോ സര്‍വ്വേ പരിശോധനാ ഫലങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ 177,000 വീടുകളില്‍ നിന്നായി 868,000 പേരുടെ ഇടയില്‍ സര്‍വേ നടത്തി കഴിഞ്ഞ നാലു മാസത്തിനിടെ ഏതെങ്കിലും കുടുംബാംഗം മരണപ്പെട്ടോ എന്ന വിവരം രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരത്തില്‍ വിശദമായ ഒരു പഠനശേഷമാണ് ഇന്ത്യയില്‍ രേഖപ്പെടുത്താതെ പോയരിക്കാന്‍ ഇടയുള്ള കൊറോണ മരണങ്ങള്‍ സംബന്ധിച്ച കണക്ക് ഗവേഷകര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരമാണ് ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയോളം മരണങ്ങള്‍ കൊറോണയെ തുടര്‍ന്ന ഇന്ത്യയില്‍ സംഭവിച്ചിരിക്കാമെന്ന് ഇവര്‍ വിലയിരുത്തുന്നത്. ജൂണ്‍ 21 വരെ 34 ലക്ഷം മുതല്‍ 47 ലക്ഷം മരണങ്ങള്‍ ഇന്ത്യയില്‍ കൊറോണ മൂലം ഉണ്ടായിരിക്കാമെന്നും അവര്‍ കണ്ടെത്തി. ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളുടെ അഞ്ചോ ആറോ ഇരട്ടി കൊറോണ മരണങ്ങള്‍ നടന്നിരിക്കാമെന്ന് നേരത്തെ പകര്‍ച്ചവ്യാധി വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.
കൊറോണയുടെ ആദ്യ തരംഗത്തിന്റെ വ്യാപ്തി അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാകാമെന്നും പഠനം പറയുന്നു. ആദ്യ തരംഗത്തില്‍ വലിയ ആഘാതമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ ഗൗരവം മൊത്തത്തില്‍ ആര്‍ക്കും മനസ്സിലായില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇന്ത്യയിലെ കൊറോണ രോഗബാധാ നിരക്കും ആഗോളതലത്തിലുള്ള കൊറോണ മരണനിരക്കും താരതമ്യപ്പെടുത്തിയാല്‍ ഏകദേശം മരണസംഖ്യ കിട്ടുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ആ വ്യപ്തി തിരിച്ചറിാന്‍ കഴിഞ്ഞാല്‍ ഇന്ത്യ – പാക് വിഭജനത്തിനു ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കൂട്ടമരണമാണ് ഇതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.