കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടില്‍ രണ്ട് ദിവസം മുന്‍പ് കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡ് വിവരം മനസ്സിലാക്കി ആകാശ് വീട്ടില്‍ നിന്നും മാറിനിന്നിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയും ആകാശ് തില്ലങ്കേരിക്കെതിരെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. അതിനിടെ, റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ അര്‍ജുന് അന്തര്‍സംസ്ഥാന കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റംസ് ആവശ്യപ്പെടുന്നു.