ന്യൂഡെല്‍ഹി: ജനങ്ങളെ ഒരിക്കല്‍ കൂടി വാക്‌സിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി വാക്‌സിന്‍ കൊറോണയ്ക്ക് എതിരായ ആയുധമാണെന്നും കൊറോണ പ്രോട്ടോക്കോളുകള്‍ പിന്തുടരണമെന്നും മോദി ആവശ്യപ്പെട്ടു.
വാക്‌സിന്‍ നല്‍കുന്നത് ‘ബാഹു’ (ആയുധങ്ങള്‍) ആണ്, അത് എടുക്കുന്നവര്‍ ‘ബാഹുബലി’ ആയി മാറുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ 40 കോടിയിലധികം ആളുകള്‍ ‘ബാഹുബലി’ ആയി. ഇത് മുന്നോട്ട് പോകും. കൊറോണ ലോകം മുഴുവന്‍ പിടിമുറുക്കി. അതിനാല്‍ ഇതിനെക്കുറിച്ച് പാര്‍ലമെന്റില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് അവസരം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ എംപിമാര്‍ക്കും കുടു്ുമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കാം, എന്നാല്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.
ജനാധിപത്യത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ശക്തിപ്പെടുത്തുകയും വികസനത്തിന്റെ വേഗത കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ സംബന്ധമായ എല്ലാ വിഷയങ്ങളും അവയ്‌ക്കെതിരായ നമ്മുടെ പോരാട്ടവും ചര്‍ച്ച ചെയ്യണമെന്നും മോദി പറഞ്ഞു.
ഓഗസ്റ്റ് 13 വരെ നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമായി.
എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.