പാലക്കാട്: സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഇന്നു മുതല്‍ കൂടുതല്‍ അണ്‍ റിസര്‍വ്‌ഡ് ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചു. കൊറോണ വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഗതാഗതം ഘട്ടങ്ങളായി പുനഃസ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ ആരംഭിക്കുന്നത്. തുടക്കത്തില്‍ 82 ട്രെയിനുകളാണ് ഓടിക്കുന്നത്.
റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഓണ്‍ലൈന്‍ ആപ്പുകള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, കോയിന്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ തുടങ്ങിയവ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാകും. സീസണ്‍ ടിക്കറ്റുകള്‍ വാങ്ങാനും സൗകര്യമുണ്ടാകും.
മുന്‍കൂര്‍ റിസര്‍വേഷനില്ലെങ്കിലും എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്കു തുല്യമായ സര്‍വീസുകള്‍ നടത്തുന്നതിനാല്‍ യാത്രാസമയം ഗണ്യമായി കുറയും.
സര്‍വീസുകള്‍ കാര്യമായി നടക്കാതിരുന്ന ഒരു വര്‍ഷം കൊണ്ട് പല മേഖലകളിലും ട്രാക്ക് ബലപ്പെടുത്തല്‍ ജോലികളടക്കം പൂര്‍ത്തിയാക്കിയതിനാല്‍ ട്രെയിനുകള്‍ പരമാവധി വേഗത്തില്‍ ഓടിക്കാന്‍ കഴിയും.
മംഗളുരു, തോക്കൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ കുലശേഖര തുരങ്കത്തിനു സമീപം വെള്ളിയാഴ്‌ച പാളത്തിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കിയതോടെ കൊങ്കണ്‍ റൂട്ടില്‍ ഗതാഗതം പുനഃസ്‌ഥാപിച്ചു.
അജ്‌മീര്‍ – എറണാകുളം മരുസാഗര്‍ എക്‌സ്‌പ്രസ് സ്‌പെഷല്‍ ട്രെയിനാണ് ആദ്യമായി ഈ റൂട്ടില്‍ കടത്തിവിട്ടത്.
യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണു സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതെന്നും എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം തുടങ്ങി സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഗജാനന്‍ മല്യ പറഞ്ഞു.