നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു; കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുല്‍

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമുക്കറിയാം എന്തെല്ലാമാണ് അയാൾ വായിച്ചിട്ടുണ്ടാകുകയെന്ന്-നിങ്ങളുടെ ഫോണിലുള്ളതെല്ലാം” രാഹുൽ ട്വീറ്റ് ചെയ്തു.

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ മൂന്നൂറോളം പ്രമുഖരുടെ ഫോണുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേന്ദ്രത്തിനെതിരേ വലിയ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനും നോട്ടീസും നൽകിയിട്ടുണ്ട്.

അതേസമയം ഫോൺ ചോർത്തൽ ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. സർക്കാർ ഏജൻസികൾ ഫോൺ ചോർത്തിയിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നതെന്നുമാണ് കേന്ദ്രം വിശദീകരിച്ചത്.

ഫോൺ ചോർത്തൽ സംശയിക്കപ്പെടുന്ന ചില ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ പെഗാസസ് ചാര സോഫ്റ്റ്വെയറിന്റെ സാന്നിധ്യം കൃത്യമായി തിരിച്ചറിഞ്ഞതായാണ് വിദേശമാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റ്, ദ ഗാർഡിയൻ എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ദ വയർ മാധ്യമവും റിപ്പോർട്ട് ചെയ്തത്.