തുറക്കാൻ ആഴ്ചകൾ ബാക്കി; കുതിരാൻ തുരങ്കം കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകും; 95 ശതമാനം നിർമാണവും പൂർത്തിയാക്കിയ കമ്പനിയുടെ മുന്നറിയിപ്പ്

തൃശ്ശൂര്‍: കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ്. 95 ശതമാനവും തുരങ്കത്തിന്റെ നിർമ്മാണം ഈ കമ്പനി ആയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല.

തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നല്‍കി. നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദൻ ആരോപിച്ചു.

കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി നില്‍ക്കെയാണ് പ്രഗതി കമ്പനിയുടെ വിമര്‍ശനം. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.