ചെന്നൈ: രാജ്യദ്രോഹ നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണ് രാജ്യദ്രോഹ നിയമമെന്ന് തരൂര്‍ പറഞ്ഞു. ഈ നൂറ്റാണ്ടില്‍ ഇത് അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രംഗത്തുവന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. രാജ്യദ്രോഹ നിയമം റദ്ദാക്കാന്‍ ആറ് വര്‍ഷം മുന്‍പ് ആവശ്യപ്പെട്ടതാണെന്നും 2019 ലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
രാജ്യദ്രോഹ നിയമം അക്രമങ്ങള്‍ ചെറുക്കാനുള്ളതാണെന്നും ഇത് തിരിച്ചറിയാതെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസും ഭരണകൂടവും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണത്തോട് കോണ്‍ഗ്രസ് നൂറ് ശതമാനം യോജിക്കുന്നെന്നും തരൂര്‍ പറഞ്ഞു.
രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തേതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. നിയമം ബ്രിട്ടീഷ് കാലത്ത് ഉണ്ടാക്കിയതാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിപ്പുറവും ഈ നിയമം ആവശ്യമാണോ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാനാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതായും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടിരുന്നു.