തിരുവനന്തപുരം: സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ടിന് തുടക്കമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിന്റെ പേരിലും മറ്റും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണിത്. കേരള പൊലീസിന്റെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക.
ലോക്ക് ഡൗണിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് ഗാർഹിക പീഡനങ്ങൾ അറിയുന്നത്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം ഉപയോഗപ്രദമാകും. വീടുകൾ തോറും സഞ്ചരിച്ച് ഗാർഹിക പീഡന പരാതികൾ ശേഖരിക്കുകയാണ് ലക്ഷ്യം.
പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മേൽനടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രത്യേകം പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ പിങ്ക് ജനമൈത്രി ബീറ്റിൽ ഉണ്ടായിരിക്കും. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ബസ് സ്‌റ്റോപ്പുകൾ, സ്‌കൂൾ, കോളജ് എന്നിവിടങ്ങളിൽ സംവിധാനം ലഭ്യമാകും. പതിനാല് ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.